thumb
  • BOBNA ANTO | 04-Aug, 2024

'ചാര്‍ലി' പറയുന്ന ബീച്ചിന്റെ ആരോഗ്യഗുണങ്ങള്‍

ആത്മഹത്യയില്‍ നിന്ന് കനിയെ രക്ഷിച്ച് ബീച്ചില്‍ കൊണ്ടുപോകുന്ന ചാര്‍ലിയെ മറന്നവരുണ്ടാകില്ല. മലയാള സിനിമയായ ചാര്‍ലിയിലെ ഹൃദയസ്പര്‍ശിയായ രംഗമാണിത്. പുതുവത്സരരാവില്‍ കടല്‍ത്തീരത്ത് ചാര്‍ളിയും കനിയും തമ്മിലുള്ള രംഗം അവിസ്മരണീയം മാത്രമല്ല ഒരു ജീവിതപാഠം കൂടിയായിരുന്നുന്നു. ബീച്ച് നല്‍കുന്ന സന്തോഷവും പുത്തന്‍ ഉണര്‍വും എന്താണെന്ന് കൂടി ഈ രംഗം പറഞ്ഞു വയ്ക്കുന്നു.

കടല്‍ത്തീരത്ത് പോകാനും അവിടെ സമയം ചിലവഴിക്കാനും ആഗ്രഹിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. കടലിനോടും തിരകളോടും തീരത്തോടൊപ്പം വൈകാരിക അടുപ്പമുള്ളവരാണ് പലരും. സങ്കടവും സന്തോഷവും ദേഷ്യവും ഒക്കെ കടലിനോട് പറയുന്ന ചിലരുമുണ്ട്. ബീച്ചില്‍ സമയം ചിലവഴിക്കുന്നത് കൊണ്ട് നിരവധി മാനസികാരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

1. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

കടലും കടലോര കാഴ്ചകളും ഒരാളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം കുറയാനും, ഭയവും ഉത്കണ്ഠയും ഉണര്‍ത്തുന്ന നാഡിവ്യവസ്ഥയുടെ ഉത്തേജനം കുറയ്ക്കാനും , മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടുള്ള ഹോര്‍മോണുകളുടെ അളവ് കുറക്കാനും ബീച്ച് ടൈം ഒരാളെ സഹായിക്കുന്നു.

2. മാനസിക ശാരീരിക ക്ഷേമം വളര്‍ത്തുന്നു

സൂര്യന്‍, സമുദ്ര വായു ,ഒരാളെ കൂടുതല്‍ പോസിറ്റീവ് ആക്കുന്നു.ഒരാളുടെ മാനസികനില മെച്ചപ്പെടുത്താനും മികച്ച ഒരു വിശ്രമാനുഭവം നല്‍കാനും ബീച്ചിന് സാധിക്കും.ബീച്ചില്‍ കളിക്കുന്നതും കുളിക്കുന്നതും ശാരീരിക ക്ഷേമം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

3. ഏകാന്തത ചെറുക്കാന്‍ സഹായിക്കുന്നു

കടലും കടലോര കാഴ്ചകളും ഒരാളിലെ താന്‍ ഏകനാണെന്ന വിഷമം ഇല്ലാതാക്കും. ബീച്ചില്‍ ശാന്തതയും സന്തോഷവും അനുഭവിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും.

ബീച്ച് ടൈമിന്റെ പ്രാധാന്യം തിരിച്ചറിയാനും മികച്ച ബീച്ചുകള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ഒപ്പം സന്ദര്‍ശിക്കാനും നിങ്ങള്‍ മറക്കരുത്. പ്രത്യേകിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ ബീച്ച് ടൈം നിര്‍ണായ പങ്കുവഹിക്കുന്നു എന്ന് മറക്കരുത്