thumb
  • BOBNA ANTO | 08-Feb, 2024

ഓണമരികെ : വിഷരഹിത പച്ചക്കറികള്‍ തിരഞ്ഞെടുക്കാം

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ''ഉണ്ടറിയണം ഓണം'' എന്നാണ് വയ്പ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍ . അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയര്‍, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.ഓരോരുത്തരും അവനവന്‍ ഇണങ്ങിയ മട്ടില്‍ ഓണസദ്യ പരിഷ്‌കരിക്കാറുണ്ട്. ഇങ്ങനെയൊക്കെ പരിഷ്‌കരിച്ചാലും ശ്രദ്ധയില്‍ പച്ചക്കറി ഒഴിവാക്കാനാകില്ല.
ഓണത്തിന് നാടന്‍ പച്ചക്കറികള്‍ തന്നെ തേടി പോകുന്നവരുണ്ട്. എന്താണ് നാടന്‍ പച്ചക്കറികള്‍ , എന്താണ് അവയുടെ പ്രാധാന്യം എന്ന വിവരിക്കുകയാണ് ചുവടെയുള്ള ലേഖനം


നാടന് പിറകെ നാടോടുമ്പോള്‍

വിഷം ചേര്‍ക്കാത്ത നാടന്‍ മാങ്ങ, വീട്ടില്‍ കാച്ചിയ നാടന്‍ എണ്ണ , തനി നാടന്‍ ജൈവ ശര്‍ക്കര - എന്നൊക്കെ കേട്ടാല്‍ പിറകെ പോകുന്ന മലയാളികളുടെ എണ്ണം ഇന്ന് ഉയര്‍ന്നിട്ടുണ്ട്. പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ നാടന്‍ എന്ന ബ്രാന്‍ഡ് നെയിമിന് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.

വിപണിയില്‍ ലഭിക്കുന്ന പഴവും പച്ചക്കറിയുമെല്ലാം സുരക്ഷിതമാണോ, ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമോ എന്നെല്ലാമുള്ള ആശങ്കകള്‍ ഏഴെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേരളത്തില്‍ ശക്തമാകുന്നത്. അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തു ന്ന പച്ചക്കറികളിലും പഴങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും നടത്തിയ പരിശോധനകളുടെ ലാബ് റിപ്പോര്‍ട്ടുകളായിരുന്നു ഇത്തരം ചര്‍ച്ചകള്‍ക്ക് ആധാരം.

ഈ സാഹചര്യം തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ നമ്മുടെ കര്‍ഷകര്‍ സ്വന്തം നില യ്ക്കു നടത്തിയ ശ്രമങ്ങളുടെ ഫലമാണ് നാടന്‍ എന്ന പേരില്‍ ഇന്നു നമ്മുടെ മാര്‍ക്കറ്റില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ മേല്‍ക്കൈ നേടിയത്.ഓണക്കാലത്ത് പച്ചക്കറി വിപണി കൂടുതല്‍ സജീവമാകും. ഓണസദ്യയ്ക്ക് നാടന്‍ പച്ചക്കറികള്‍ അന്വേഷിച്ചു വാങ്ങുന്നവരേറെയുണ്ട്.

വിഷമുള്ള പച്ചക്കറികള്‍
ഉപേക്ഷിക്കേണ്ടത് എന്തുകൊണ്ട്?

പണ്ടൊക്കെ നല്ല പച്ചക്കറി തിരഞ്ഞെടുക്കാന്‍ നല്ല തുടുപ്പും നിറവുമുണ്ടോ ? വാടിയിട്ടുണ്ടോ ? എന്നൊക്കെയാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇന്ന് നല്ല നിറവും തുടിപ്പും മുഴുപ്പുമുള്ള പച്ചക്കറിയായാല്‍ വിഷമുണ്ടെന്നാണ് നിഗമനം. കാരണം ആ നിറവും വലുപ്പവുമെല്ലാം മിക്കവാറും വിവിധ രാസപദാര്‍ഥങ്ങളും നിറങ്ങളും കാര്‍ബൈഡും തളിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ്. ഭൂരിഭാഗം മുന്തിരിങ്ങ, ആപ്പിള്‍ തുടങ്ങിയവയിലൊക്കെ കീടനാശിനി അംശങ്ങളുണ്ടെന്ന് സാധാരണക്കാര്‍ക്കുള്‍പ്പെടെ അറിയാം.

വിത്തുവിതയ്ക്കുന്നതിനു മുമ്പ് കളനാശിനിയായി തുടങ്ങുന്നതാണ് വിഷപ്രയോഗം. വളര്‍ച്ചയ്ക്കായി അശാസ്ത്രീയമായ മരുന്നടിയാണ് മിക്കയിടങ്ങളിലും നടക്കുന്നത്. അതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതും. പലതരം കീടനാശിനികള്‍ കൂട്ടിക്കലര്‍ത്തി അടിക്കുന്നതും പതിവാണ്. ഇതു ദോഷകരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കുന്നു. കൂടുതല്‍ വിഷമടിച്ചാല്‍ കൂടുതല്‍ വിളവു കിട്ടുമെന്ന ലാഭക്കൊതിയില്‍ പച്ചക്കറിപ്പാടങ്ങള്‍ വിഷത്തില്‍ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കേരളകാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ഒരു പഠനത്തില്‍ സുരക്ഷിതമായ രാസവസ്തുക്കളുടെ ഉപയോഗം കുറയുന്നതായും രൂക്ഷതയേറിയതും ചെടിയിലേക്ക് ആഴ്ന്നിറങ്ങുന്നതുമായ കീടനാശിനികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതുമായി കണ്ടിരുന്നു. ഉദാഹരണത്തിന് മാങ്ങ പഴുപ്പിക്കാന്‍ അനുവദനീയമായത് എതിഫോണ്‍ ആണ്. എന്നാല്‍ ഇതിനേക്കാള്‍ വില കുറഞ്ഞതാണ് കാര്‍ബൈഡ്. അതുകൊണ്ട് പല കച്ചവടക്കാരും കാര്‍ബൈഡ് ഉപയോഗിക്കുന്നത്.


ചില കീടനാശിനികള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും അതുവഴി അര്‍ബുദങ്ങള്‍ക്കും കാരണമാകും. കീടനാശിനികള്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നതിനാല്‍ കാലിലും കൈയിലും പെരുപ്പും മരവിപ്പും പോലെ ന്യൂറോപ്പതിക്കു സമാനമായ പ്രശ്ങ്ങളുണ്ടാക്കാം. ഉദരപ്രശ്നങ്ങള്‍ക്കും കാരണമാകാം.കഴുകിയാലും തൊലിയുരിഞ്ഞു കളഞ്ഞാലും ഉയര്‍ന്ന ചൂടില്‍ വേവിച്ചാലും ചെടിയുടെ കോശങ്ങളിലേക്ക് കടന്നു വളരുന്ന കീടനാശിനികളൊന്നും എളുപ്പം മാറിക്കിട്ടില്ല.

നാടന്‍ പച്ചക്കറിയിലേക്കുള്ള
പ്രായോഗിക വഴികള്‍

വിഷവിമുക്തമായ ഭക്ഷണത്തിന് കൂടുതല്‍ ആളുകള്‍ പ്രായോഗികവഴികള്‍ കണ്ടെത്തി കഴിഞ്ഞു. ചിലര്‍ പച്ചക്കറി വാങ്ങല്‍ രീതി തന്നെ മാറ്റി. കാശ്മീരി ആപ്പിളിനു പകരം നാടന്‍ പേരയ്ക്ക കഴിക്കുന്നവരുണ്ട്. കാരറ്റിനും ബ്രോക്കോളിക്കും പകരം വീട്ടിലെ പപ്പായയും ചീരയും തിരഞ്ഞെടുക്കുന്നവരും ഉണ്ട്. ഇങ്ങനെ അതാതു സ്ഥലങ്ങളില്‍ പ്രാദേശികമായി ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിച്ച് ഉയര്‍ന്ന അളവില്‍ രാസമാലിന്യങ്ങള്‍ ഉള്ളിലെത്തുന്നതിനെ പ്രതിരോധിക്കുന്ന കൂട്ടരാണ് ഇവര്‍.

മറ്റൊരു കൂട്ടര്‍ നാടന്‍ പച്ചക്കറികളും പഴങ്ങളും കിട്ടുന്ന സ്ഥലങ്ങള്‍ തേടി പോവുകയും എത്ര വില കൊടുത്തും നാടന്‍ വാങ്ങുകയും ചെയ്യുന്നവരാണ്. ഓണസദ്യക്ക് നാടന്‍ പച്ചക്കറികള്‍ തന്നെ നോക്കി വാങ്ങുന്നവരുണ്ട്.
കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകള്‍ ഇന്ന് വിവിധ സ്ഥലങ്ങളില്‍ ഉണ്ട്. വിവിധ സൊസൈറ്റികളിലും സ്ത്രീകൂട്ടായ്മകളും കുടുംബശ്രീകളും ഓണച്ചന്തകള്‍ നടത്തുന്നുണ്ട്. നാടന്‍ പച്ചക്കറികള്‍ തന്നെ തിരഞ്ഞെടുത്ത് ഓണസദ്യ ഒരുക്കി എല്ലാവരും ഇക്കുറി'ഉണ്ടറിയണം ഓണം'.