thumb
  • ARUN CHANDRAN | 09-Aug, 2024

സംസാരിച്ച് പണം വാരുന്നവര്‍

പ്രഭാഷണങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കപ്പുറം കാര്യമായ പ്രതിഫലം ഒന്നും ലഭിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. വായനയും അനുഭവസമ്പത്തും കൈമുതലാക്കി പ്രസംഗിച്ച് കയ്യടി മാത്രം നേടിയവരാണ് ഇക്കൂട്ടര്‍.

എന്നാല്‍ ഇന്ന് പ്രസംഗങ്ങളുടെ രൂപവും ഭാവവും മാറി. ഘോര ഘോര
പ്രസംഗങ്ങള്‍ക്കപ്പുറം , സരസവും ഹൃദയസ്പര്‍ശിയുമായ സംസാരങ്ങള്‍ക്കാണ് സ്വീകാര്യത. മോട്ടിവേഷന്‍ സ്പീക്കര്‍മാര്‍ ഉള്‍പ്പെടെ
യുള്ളവര്‍ക്ക് ഇന്ന് പൊതുജന സ്വീകാര്യതയ്‌ക്കൊപ്പം വലിയ
പ്രതിഫലവും ലഭിക്കുന്നു. പലര്‍ക്കും സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെയുണ്ട്.

അനേകം സമ്മേളനങ്ങളും കോര്‍പ്പറേറ്റ് കണ്‍വെന്‍ഷനുകളും പരിശീലനങ്ങളും നാടാകെ നടക്കുന്ന കാലമാണിത്. എല്ലാവര്‍ക്കും പ്രഭാഷകരെ വേണം. വലിയ ബജറ്റ് ഉള്ള ബിസിനസ് സമ്മേളനങ്ങള്‍ക്കും മറ്റും പതിനായിരങ്ങളോ, ലക്ഷങ്ങളോ മുടക്കാന്‍ ആളുകള്‍ക്ക് മടിയില്ല. സംസാരത്തിലെ കഴിവുകൊണ്ട് പിടിച്ചുകിട്ടിയാല്‍ പിന്നെ എന്നും യാത്രകളായിരിക്കും.

പ്രസംഗിക്കാന്‍ വന്‍കിടക്കാരെ വിളിക്കാനും തയ്യാറാക്കുന്നവരുണ്ട്. വലിയ സിനിമ താരങ്ങളെയും സ്‌പോര്‍ട്‌സ് താരങ്ങളെയും അവരുടെ അനുഭവം വിവരിക്കാന്‍ വിളിക്കുന്നവരുണ്ട്.

ബിസിനസ് പ്രഭാഷണങ്ങളിലെ താരങ്ങളായ ശിവ് ഖേര, വിവേക് ബിന്ദ്ര, സന്ദീപ് മഹേശ്വരി തുടങ്ങിയവരെ നിങ്ങള്‍ക്ക് പരിചയമുണ്ടാകും. ഇവരെല്ലാം തങ്ങളുടെ പ്രഭാഷണ ചാരുതയെ ഒരു സംരംഭമാക്കി വളര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം പലപ്പോഴും ഒരു ടീമും പ്രവര്‍ക്കാറുണ്ട്. ഇവര്‍ക്കായി സോഷ്യല്‍ മീഡിയ പ്രമോഷന്‍ ചെയ്യുന്നവര്‍, യാത്രകളും ക്ലാസ്സുകളും ബുക്ക് ചെയ്യുന്നവര്‍, വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കുന്നവര്‍ തുടങ്ങിയവരും ഉണ്ടാകും.

യുട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മാത്രം വിവിധ വിഷയങ്ങള്‍ സംസാരിച്ച് വരുമാനം ഉണ്ടാക്കുന്നവരുണ്ട്. സംസാരിക്കാന്‍ കഴിവും അറിവും വ്യത്യസ്തവും ആകര്‍ഷകവുമായ രീതികളും ഉണ്ടെങ്കില്‍ ഓരാള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും വിവിധ വേദികളുണ്ട്.