thumb
  • ALIYA MUHAMMED | 02-Aug, 2024

മൃഗങ്ങള്‍ വേണ്ട : ഭക്ഷ്യയോഗ്യമായ മാംസം ലാബില്‍ സൃഷ്ടിക്കാം



സൂപ്പര്‍മാര്‍ക്കറ്റുകളുടെയും കടകളുടെയും ഷെല്‍ഫില്‍ ലാബില്‍ ഉത്പാദിപ്പിച്ചെടുത്ത മാംസവും ഇനി കാണാം. ഭക്ഷ്യാവശ്യങ്ങള്‍ക്കായി ലാബ് മാംസം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് യു.കെ. ഇത്തരമൊരനുമതി നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് യു.കെ. നിലവില്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിലാണ് ലാബ് മാംസം പരീക്ഷിക്കുന്നത്. ഇതിനുശേഷമാകും മനുഷ്യ ഉപഭോഗത്തിന് അനുമതി ലഭിക്കുക. സിങ്കപ്പൂരും ഇസ്രയേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലവില്‍ മനുഷ്യോപഭോഗത്തിനായി ലാബ് മാംസത്തെ അംഗീകരിച്ചിട്ടുണ്ട്. യു.കെ.യിലെ ആനിമല്‍ ആന്‍ഡ്പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയും പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യവകുപ്പും 'മീറ്റ്‌ലി' എന്ന കമ്പനിയില്‍നിന്നുള്ള ലാബ് മാംസത്തിനാണ് അംഗീകാരം നല്‍കിയത്. ചിക്കനാണ് പ്രധാനമായും മീറ്റ്‌ലി ലാബില്‍ നിര്‍മിച്ചെടുക്കുന്നത്. കോഴിമുട്ടയില്‍നിന്നാണ് ഈ ചിക്കന്‍ നിര്‍മിക്കുന്നത്. കോഴിമുട്ടയില്‍ നിന്നെടുത്ത സാമ്പിളിലേക്ക് വിറ്റാമിനുകളും അമിനോ ആസിഡുകളും ചേര്‍ത്ത് ബിയര്‍ ഫെര്‍മെന്റ് ചെയ്യാനുപയോഗിക്കുന്നതിന് സമാനമായ കണ്ടെയ്നറില്‍ കോശങ്ങള്‍ വളര്‍ത്തിയാണ് മാംസ്യ നിര്‍മാണം. ബര്‍ഗറിന്റെയും മറ്റും പാറ്റി നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന അരച്ചെടുത്ത ചിക്കന് സമാനമാണ് ഇതിന്റെ അവസാനരൂപം.