ആദ്യമായി വിദേശത്ത് ജോലിയില്‍ പ്രവേശിച്ച ദിവസം.
പുതിയ സംസ്‌കാരം, പുതിയ സഹപ്രവര്‍ത്തകര്‍, പുതിയ ഭാഷ - എല്ലാത്തരത്തിലും പരിഭ്രമിച്ച് നിന്നപ്പോള്‍ പെട്ടെന്നാണ് വാര്‍ഡ് മാനേജര്‍
തോളില്‍ തട്ടി പറഞ്ഞത് : I completely understand how you feel, We've all been where you are now, we know that nurses from Kerala are known for being exceptionally skilled, and caring - ദിവസങ്ങളോളം നീണ്ട എന്റെ പേടിയെ കാറ്റില്‍ പറത്തിയ വാക്കുകള്‍. ഭയം ഉപേക്ഷിച്ച് മുഴുവന്‍ കഴിവും ആത്മാര്‍ത്ഥതയും സമന്വയിപ്പിച്ച് ജോലി ചെയ്ത നാളുകളായിരുന്നു പിന്നീട്.
സ്പര്‍ശിക്കുന്ന വാക്കുകളും
മുറിപ്പെടുത്തുന്ന വാക്കുകളും
നാം ദൈനംദിനം ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നമ്മുടെ മനസ്സിനെയും വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സ്പര്‍ശിച്ച വാക്കുകള്‍ ബന്ധങ്ങളെ മെച്ചപ്പെടുത്തുമ്പോള്‍ മുറിപ്പെടുത്തിയ വാക്കുകള്‍ ബന്ധങ്ങളെ അകറ്റും.
തൊഴിലിടങ്ങളില്‍ പോസിറ്റീവ് വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു സംരംഭകന്‍ ദൈനംദിനം ഉപയോഗിക്കുന്ന വാക്കുകള്‍ - ചിരിച്ചുകൊണ്ടുള്ള ഒരു ഗുഡ്‌മോണിങ്ങ്, അല്ലെങ്കില്‍ സുഖാന്വേഷണം, അഭിനന്ദനം തുടങ്ങിയവയ്‌ക്കൊക്കെ വലിയ മാറ്റം സൃഷ്ടിക്കാനാകും. തൊഴിലാളിയുടെ മനസ്സിനെയും വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കാന്‍ നേതാവിന്റെ പോസിറ്റീവ് വാക്കുകള്‍ക്ക് ശക്തിയുണ്ട്. ഓരാള്‍ അദ്ധ്വാനിച്ചും പഠിച്ചും അവതരിപ്പിച്ച പ്രൊജക്റ്റിനോട് പലര്‍ക്കും പല രീതിയില്‍ പ്രതികരിക്കാം?. ' ഓ എന്ത് പ്രൊജക്റ്റ്, എന്തിന് ഇത്ര മെനക്കെട്ട് വര്‍ക്ക് ചെയ്യണം, കുഴപ്പമില്ല, അവന്‍ നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്, അഭിനന്ദനമര്‍ഹിക്കുന്നു - ഇത്തരത്തില്‍ എന്ത് പ്രതികരണവും നടത്താം. അവസാനത്തെ വാക്കുകള്‍ കൂടുതല്‍ പോസിറ്റീവാണ്.
നല്ല വാക്കുകള്‍
ഉത്പാദനക്ഷമതയ്ക്കും
സഹകരണത്തിനും
നല്ലവാക്കുകള്‍ പറയുന്നവരിലും കേള്‍ക്കുന്നവരിലും നിരവധി ഗുണങ്ങള്‍ പകരുന്നുണ്ട്. ഇരുകൂട്ടരുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ നല്ല വാക്കുകള്‍ കാരണമാകും: നല്ലവാക്കുകള്‍ ശുഭപ്രതീക്ഷ ഉണര്‍ത്തുകയും മാനസികസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. അത് നിഷേധാത്മകചിന്തകളെ തടുക്കും. പ്രസാദാത്മകഭാഷ ശ്രദ്ധിക്കുന്നത് പ്രശ്‌നത്തെക്കാളധികം പരിഹാരത്തിലേക്കും അവസരങ്ങളിലേക്കും ശ്രദ്ധയൂന്നാന്‍ തലച്ചോറിനെ സഹായിക്കും. നിനക്കതിനുള്ള കഴിവുണ്ട് തുടങ്ങിയ പ്രസാദാത്മക വാക്കുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമേകും. ഒപ്പം ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. നല്ല വാക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ടീം വര്‍ക്കിന് ഊര്‍ജം പകരും. ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ നല്ല വാക്കുകള്‍ക്ക് ശക്തിയുണ്ട്. വിശ്വാസം, നന്മ, സഹകരണം എന്നിവ വളര്‍ത്താന്‍ ഇത് സഹാ
യിക്കും.
നന്ദിയും അഭിനന്ദനവും
വാക്കുകളില്‍ നിറയട്ടെ
ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വാക്കാണ് നന്ദി. വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും എന്ന പോലെ പൊതുജീവിതത്തിലും തൊഴിലിടങ്ങളിലും നന്ദിക്ക് ഏറെ പ്രസക്തിയുണ്ട്. മറ്റുള്ളവര്‍ ചെയ്യുന്ന കൊച്ചുകാര്യങ്ങളോടു പോലും കൃതജ്ഞതയുള്ളവരായിരിക്കുക.
അത് വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും പ്രകടിപ്പിക്കുക. പൊതുമര്യാദകള്‍ വാക്കിലും പ്രവൃത്തിയിലും പാലിക്കുക.
എളിമയോടെ സംസാരിച്ചുശീലിക്കുക. ധാര്‍ഷ്ട്യം, ധിക്കാരം, അഹങ്കാരം നിറഞ്ഞ വാക്കുകള്‍ ഒഴിവാക്കുക. സഹപ്രവര്‍ത്തകരുടെ മറ്റുള്ളവരുടെ കൊച്ചുകൊച്ച് നേട്ടങ്ങളെപോലും ആത്മാര്‍ഥമായി അഭിനന്ദിക്കുക.മുഖഭാവത്തിലും അത് പ്രകടിപ്പിക്കാം.
അവനവനോടും
നല്ല വാക്കുകള്‍ സംസാരിക്കാം
സ്വന്തം ഗുണങ്ങള്‍, നന്മകള്‍, കഴിവുകള്‍, സാധ്യതകള്‍, നേട്ടങ്ങള്‍ എന്നിവ ഒരു പേപ്പറില്‍ എഴുതി ദിവസേന സ്വയം വായിക്കുക. അത് നമ്മളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റും. ജീവിതത്തില്‍ പ്രസാദാത്മകത
നിറയ്ക്കും. സ്വന്തം നന്മകള്‍ കാണുന്നതിനൊപ്പം മറ്റുള്ളവരുടെ നന്മകളും കാണാം. എപ്പോഴും ചീത്ത വാക്കുകളും കുറ്റപ്പെടുത്തലും താഴ്ത്തിക്കെട്ടലും നിഴലിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നവരുടെ ജീവിതം പരിശോധിക്കൂ, അവര്‍ക്ക് ഒരിക്കലും സന്തോഷവും സമാധാനവും ലഭിക്കില്ല.
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന അവരുടെ മൂല്യം അംഗീകരിക്കുന്ന കഴിവുകളെ ഉയര്‍ത്തിക്കാട്ടുന്ന വാക്കുകള്‍ ഉപയോഗിക്കുന്നിടത്ത് മികച്ച അന്തരീക്ഷം ഉണ്ടാകും. സന്തോഷവും സമാധാനവും നിറയ്ക്കുന്ന സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഇതിടയാക്കും.
Tags: