ഓരോ പതിറ്റാണ്ടിലും ജനിച്ച ജനറേഷന് കൃത്യമായ ചില ഉപഭോഗരീതികളും, ഉപഭോക്തൃ ശൈലികളുമുണ്ട്. അവരുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും വിവധ കാലഘട്ടങ്ങളിലെ ബിസിനസ്സുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് ബിസിനസ് പുനര്‍ നിര്‍ണയിക്കപ്പെടുന്നതും , വളരുന്നതും. പുതിയ ബിസിനസുകള്‍ ഉണ്ടാകുന്നതും ബിസിനസ് രീതികള്‍ മാറിമറിയുന്നതും ഓരോ തലമുറകളുടെയും സവിശേഷ സ്വഭാവങ്ങള്‍ക്കനുസരിച്ചാണ്.
ഡിജിറ്റല്‍ ലോകത്ത് സദാസമയം വിഹരിക്കുന്ന ആധുനിക തലമുറയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്നത്തെയും നാളത്തെയും വ്യാപാര മേഖലയും സാങ്കേതിക മേഖലയുമെല്ലാം ചലിക്കുക . ഈ തലമുറയുടെ സവിശേഷതകള്‍ അറിഞ്ഞും, ഇഷ്ടങ്ങള്‍ മനസ്സിലാക്കിയും വേണം ഇന്നത്തെ സംരംഭകര്‍ ബിസിനസിനെ പുതുക്കിയ പണിയാന്‍.
ലോകത്തില്‍ ഓരോ വ്യക്തികളും ജനിച്ച കാലഘട്ടത്തിനനുസരിച്ച് അവരുടെ കാലഘട്ടങ്ങളെ വിശേഷിപ്പിക്കുന്നതിന് ഓരോ പേരുകളുണ്ട്. ഓരോ പതിറ്റാണ്ടിലും ജനിച്ച ജനറേഷന് കൃത്യമായ ജനറേഷന്‍ പേരുകളുണ്ടെന്ന് പലര്‍ക്കും അറിയില്ല. 1928 ന് മുന്‍പ് ജനിച്ച ഗ്രേറ്റസ്റ്റ് ജനറേഷന്‍, 1928 നും 1945നും ഇടയില്‍ ജനിച്ച സൈലന്റ് ജനറേഷന്‍, 1946 നും 1964 നും ഇടയില്‍ ജനിച്ച ബേബി ബൂമേഴ്‌സ്, 1965 നും 80 നും ഇടയില്‍ ജനിച്ച ജനറേഷന്‍ എക്‌സ് എന്നിവര്‍ക്ക് ശേഷമുള്ള തലമുറകളാണ് ആധുനിക ബിസിനസിനെ ഇന്ന് പുതിയ ദിശയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത്. 1981 - 1996 കാലഘട്ടത്തില്‍ ജനിച്ച 28 നും 43 നും വയസ്സിനുള്ളില്‍ പ്രായമുള്ള മില്ലേനിയല്‍സ് , 1997 നും 2012 നും ഇടയില്‍ ജനിച്ച 12 നും 27 നും ഇടയില്‍ പ്രായമുള്ള ജനറേഷന്‍ സി , 2013 മുതല്‍ ഇനി ജനിക്കാനിരിക്കുന്നവര്‍ വരെ ഉള്‍പ്പെടെയുള്ള 12 വയസ്സില്‍ താഴെയുള്ളവരുടെ ആല്‍ഥ ജനറേഷന്‍ തുടങ്ങിയ 3 തലമുറകളാണ് ഇന്നത്തെ ബിസിനസിന്റെ ചലനങ്ങളെ ഇപ്പോള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. നാളെ മുതല്‍ ആ നിയന്ത്രണം പൂര്‍ണമായും സി- ആല്‍ഫ ജനറേഷനുകള്‍ ഏറ്റെടുക്കും.
സി- ആല്‍ഫ ജനറേഷനുകള്‍:
ആധുനിക ഷോപ്പിംഗ് അഭിരുചികള്‍
ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ജെന്‍ സി സദാസമയം തല്‍പരരാണ് . 2022-ലെ റിപ്പോര്‍ട്ട് പ്രകാരം ജെന്‍ സിയിലെ ഏകദേശം 80 ശതമാനം ആളുകളും സമൂഹമാധ്യമത്തില്‍ കണ്ട എന്തെങ്കിലും ഒരു വസ്തുവെങ്കിലും വാങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് ജെന്‍ സിയുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ്. അതിനായി അവര്‍ ഓണ്‍ലൈന്‍ റിവ്യൂകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരേയും ആശ്രയിക്കുന്നു. ഷോപ്പിങ്ങിനായി മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നു. ഡീലുകളും ഡിസ്‌കൗണ്ടുകളും പരിശോധിക്കുന്നു. വിലകള്‍ താരതമ്യം ചെയ്യാം, കൂടുതല്‍ ഉത്പന്നങ്ങളുടെ ലഭ്യത , ലാഭകരമായ ഓഫറുകള്‍, സൗകര്യം, സമയം ലാഭിക്കല്‍, ഹോം ഡെലിവറി, എളുപ്പത്തിലുള്ള പേയ്‌മെന്റ് എന്നിവയാണ് പ്രധാനമായും ഡിജിറ്റല്‍ ഷോപ്പിങ്ങിന് ഇവരെ പ്രേരിപ്പിക്കുന്നത്.
ഷോപ്പിംഗ് , ബാങ്കിംഗ് , നിക്ഷേപം , പഠനം, ആശയവിനിമയം, വൈദ്യസഹായം തുടങ്ങി ജീവിതത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും തന്നെ ഡിജിറ്റല്‍ മീഡിയയുടെ സഹായം തേടുന്ന ഈ തലമുറകള്‍ക്കനുസരിച്ചേ ഇനി ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂ എന്ന് ചുരുക്കം.
നവമാധ്യമങ്ങളിലെ പോസ്റ്റുകള്‍ സ്റ്റോറികള്‍ വീഡിയോകള്‍ എന്നിവയിലൂടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഇവര്‍ ബ്രാന്‍ഡുകളെ പരിചയപ്പെടുന്നതും അവയോട് അടുക്കുന്നതും ഇത്തരം മാധ്യമങ്ങളിലൂടെയാണ്. യൂട്യൂബ് , ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് എന്നിവ ഇവരുടെ ഇഷ്ട മാധ്യമങ്ങളാണ്. ടെക്സ്റ്റ് ഫോര്‍മാറ്റിലുള്ള വിശദമായ പരസ്യങ്ങള്‍ക്ക് പുതുതലമുറയെ ഇനിയും പിടിച്ചിരുത്താന്‍ ആകില്ല . ചെറിയ ആകര്‍ഷകമായ ഉള്ളടക്കമാണ് ഇവര്‍ക്ക് താല്പര്യം . മീമുകള്‍, ചലഞ്ചുകള്‍, വൈറല്‍ വീഡിയോകള്‍ എന്നിവ ഇവര്‍ക്ക് ഏറെ സ്വീകാര്യമാണ്.
പൂര്‍ണ്ണമായും സാങ്കേതികതയുമായി ബന്ധിപ്പിച്ച ഈ തലമുറയുടെ ജീവിതവുമായി ഇടപഴകാന്‍ അവര്‍ ഇഷ്ടപ്പെടുന്ന മാധ്യമങ്ങളെയും , അവര്‍ ഇഷ്ടപ്പെടുന്ന ആശയവിനിമയ രീതികളെയും ബിസിനസുകള്‍ പ്രമോഷനു വേണ്ടി ആശ്രയിക്കേണ്ടതുണ്ട്.
ലോകത്തെ ഏറ്റവും വലിയ
ഉപഭോക്തൃ ശക്തി
സോഷ്യല്‍ മീഡിയയിലേക്ക് പിറന്നുവീണ് ടെക്‌നോളജിക്കൊപ്പം വളര്‍ന്നുവരുന്ന ജെന്‍ സിയാണ് ഇന്ന് ലോകത്തെ വലിയ ഉപഭോക്തൃ ശക്തി. 2021ലെ ബ്ലൂംസ് ബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ തലമുറയ്ക്ക് 360 ബില്യണ്‍ ഡോളര്‍ ഡിസ്‌പോസിബിള്‍ ഇന്‍കം ഉണ്ട് എന്നാണ് കണക്ക്. കോളേജ് പഠനം കഴിഞ്ഞ് വേഗം തൊഴിലില്‍ പ്രവേശിച്ച ജെന്‍ സിയിലെ മുതിര്‍ന്ന അംഗങ്ങളുടെ വാങ്ങല്‍ ശേഷി വളരെ വലുതാണ്. ആഗോളതലത്തില്‍ ജെന്‍ സിയുടെ വാങ്ങല്‍ ശേഷി 450 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്ന് ബിബിസി 2023 റിപ്പോര്‍ട്ട് പറയുന്നു . അതുകൊണ്ടാണ് ബ്രാന്‍ഡുകള്‍ ജെന്‍ സിയെ ആകര്‍ഷിക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍മാരുടെ സഹായം തേടുന്നതും.
വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 72% ജന്‍ സി വ്യക്തികളും ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവരാണ്. മൊബൈല്‍ ബാങ്കിംഗില്‍ ആണ് ഇവര്‍ക്ക് താല്പര്യം. ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യമില്ലാത്ത ബിസിനസ്സുകളോട് ഇവര്‍ വേഗം ബൈ പറയും. ഓണ്‍ലൈന്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ടുള്ള ബിസിനസുകള്‍ക്ക് ഇക്കാലത്ത് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടെന്ന് വ്യക്തം.
ജനറേഷന്‍ ആല്‍ഫ വളര്‍ന്നു വരുമ്പോള്‍ അവര്‍ ഈ അവസ്ഥ കൂടുതല്‍ തീവ്രമാകും. ഭൂമിയിലെ ഏറ്റവും യങ്ങര്‍ ജനറേഷനായ ജന്‍ ആല്‍ഫയുടെ പ്രധാന ആശയവിനിമയ മാര്‍ഗങ്ങളെല്ലാം തന്നെ മൊബൈലും ടാബ്ലെറ്റും പോലുള്ള അല്ലെങ്കില്‍ അതിനേക്കാള്‍ സാങ്കേതിക മികവുമുള്ള ഉപകരണങ്ങള്‍ ആയിരിക്കും. ഇന്ന് ജനറേഷന്‍ ആല്‍ഫയിലെ ഏറ്റവും പ്രായം കൂടിയ അംഗങ്ങള്‍ക്ക് 14 വയസ്സ് മാത്രമേ ഉള്ളൂ. എങ്കിലും അവര്‍ ഉപഭോക്തൃ ശേഷിയില്‍ സ്വാധീനം ചെലുത്തുന്നു. തങ്ങളുടെ മാതാപിതാക്കള്‍ എന്തു വാങ്ങണം എന്ന് തീരുമാനിക്കുന്നതില്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്കും പിടിവാശികള്‍ക്കും ഇന്ന് സ്ഥാനമുണ്ടെന്ന് ചുരുക്കം
Tags: